നാലുദിനം മലപ്പുറത്ത് ചുകപ്പ് മയം

നാലുദിനം  മലപ്പുറത്ത്  ചുകപ്പ് മയം

മലപ്പുറം: ഇന്നു മുതല്‍ നാലു വരെ മലപ്പുറത്ത് സി.പി.ഐ സംസ്ഥാന സമ്മേളനം അരങ്ങേറും.
മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറത്തെ തെരുവോരങ്ങളെല്ലാം ഇതിനോടകം ചുകപ്പണിഞ്ഞിട്ടുണ്ട്. മലപ്പുറത്തും പരിസരങ്ങളിലും ചുകപ്പ് കൊടിതോരണങ്ങളും സി.പി.ഐ സംസ്ഥാന സമ്മേളന പോസ്റ്ററുകളും കൊണ്ടുനിറഞ്ഞിട്ടുണ്ട്.
ഇനി നാലു നാളുകള്‍ മലപ്പുറം ചെഞ്ചായമണിയും. അധിനിവേശത്തിനും ജന്മി – ഭൂപ്രഭുത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ചരിത്ര മണ്ണില്‍ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുന്നത്. ബലികുടീരങ്ങളില്‍ നിറഞ്ഞ ത്യാഗസ്മരണകള്‍ക്കു മുന്നില്‍ സിന്ദൂരമാലകള്‍ ചാര്‍ത്തിക്കൊണ്ടായിരുന്നു പാര്‍ട്ടിയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായ സംസ്ഥാനസമ്മേളനത്തിന് വാരിയം കുന്നിന്റെ മണ്ണില്‍ പതാക ഉയര്‍ന്നത്.
മതസഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഹൃദയഭൂമിയായ മലപ്പുറത്തിന്റെ തെരുവോരങ്ങളിലൂടെ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച കൊടിമരജാഥയും പതാകമരജാഥയും സമ്മേളനനഗരിയില്‍ സംഗമിച്ചു. പതാക -കൊടിമര-സ്മൃതി ജാഥകള്‍ കോട്ടപ്പടി ജംഗ്ഷനില്‍ സംഗമിച്ചു.
പട്ടാമ്പിയില്‍ ഇ.പി ഗോപാലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് വി.ചാമുണ്ണിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ. പ്രകാശ് ബാബുവും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ.രാജന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയും ഏറ്റവാങ്ങി. മുതിര്‍ന്ന നേതാവ് പ്രൊഫ. ഇ.പി മുഹമ്മദലി പതാക ഉയര്‍ത്തി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കമ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തി 23 സ്മൃതിപതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ന്നു. വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗവും സമ്മേളന നഗരിയില്‍ ഉത്സവക്കാഴ്ചയൊരുക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ഇ ഇസ്മയില്‍, ബിനോയ് വിശ്വം, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ് സുനില്‍കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി രാജേന്ദ്രന്‍, സ്വാഗതസംഘം കണ്‍വീനര്‍ പി.പി സുനീര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ തുടങ്ങി വലിയൊരു ജനാവലി ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് റെഡ് സല്യൂട്ട് എന്ന് നാമകരണം ചെയ്ത സാംസ്‌കാരിക സായാഹ്നത്തില്‍ വിപ്ലവഗായിക പി.കെ മേദിനിയെ സി.എന്‍ ജയദേവന്‍ എം.പി വേദിയില്‍ ആദരിച്ചു. ടി.വി ബാലന്‍ അധ്യക്ഷത വഹിച്ചു. പി.കെ ഗോപി, ലില്ലി തോമസ് പാലോക്കാരന്‍, എ.ഷാജഹാന്‍, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് പ്രസംഗിച്ചു. പ്രശസ്ത ഗായകര്‍ നേതൃത്വം നല്‍കിയ വിപ്ലവഗാന സന്ധ്യ സമ്മേളന സമാരംഭ രാവിനെ അവിസ്മരണീയമാക്കി.
ഇന്ന് രാവിലെ ഇ.ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സി.അംഗം കമല സദാനന്ദന്‍ കൈമാറുന്ന ദിപശിഖ എ.ഐ.എസ്.എഫ് നേതാവ് ചിഞ്ചു ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സമ്മേളന നഗരിയിലെത്തിക്കും. ദീപശിഖ ഇ.ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) അഡ്വ. കെ.പി രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സി.എ കൂര്യന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളന നടപടികള്‍ക്ക് തുടക്കമാകും
വൈകിട്ട് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ ( മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സാംസ്‌കാരിക സമ്മേളനം സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ.പി രാമനുണ്ണി, എംഎന്‍ കാരശ്ശേരി, കുരിപ്പൂഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, വിനയന്‍, ഇ.എ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ പ്രസംഗിക്കും. രാത്രി ഏഴിന് കെ.പി.എസി അവതരിപ്പിക്കുന്ന ഈഡിപ്പസ് എന്ന നാടകം അരങ്ങേറും.

Sharing is caring!