താനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

താനൂരില്‍  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ  ബൈക്ക് കത്തിച്ചു

താനൂര്‍: താനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ മോട്ടോര്‍ സൈക്കിള്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു. മുക്കോല ലക്ഷം വീട് കോളനിക്ക് സമീപം തള്ളാശ്ശേരി കോനാരി പറമ്പില്‍ മുഹമ്മദ് ബഷീറിന്റെ മോട്ടോര്‍ സൈക്കിളാണ് തീവെച്ച് നശിപ്പിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വീടിന്റെ മുറിക്കുള്ളിലേക്ക് പുക പടര്‍ന്നതോടെ ഞെട്ടി ഉണര്‍ന്ന വീട്ടുകാരാണ് ബൈക് കത്തുന്നത് കണ്ടത്. ബഷീറിന്റെ മാതാവിന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി കൂടി തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. തീര്‍ത്തും സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് ഇത്തരം സംഭവം ഉണ്ടായത്. ഇത് നാട്ടുകാരില്‍ വലിയ ആശങ്കക്കാണ് ഇടയാക്കിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാഷ്ര്ടീയമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തണമെന്നും കാരണക്കാരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡി.വൈ.എഫ്.ഐ താനൂര്‍ മേഖല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Sharing is caring!