അഫിലിയേറ്റഡ് സ്‌കൂളുകളെ അനധികൃത വിദ്യാലയങ്ങളായി ചിത്രീകരിക്കുന്നു: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ്‌

അഫിലിയേറ്റഡ് സ്‌കൂളുകളെ അനധികൃത വിദ്യാലയങ്ങളായി ചിത്രീകരിക്കുന്നു: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ്‌

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളൂടെ അംഗീകാരത്തോട്‌ കൂടി നിയമപരമായി പതിറ്റാണ്ടുകളായി സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ക്ക്‌ അംഗീകാരമില്ലെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകള്‍ അടച്ച്‌പൂട്ടാന്‍ ഉത്തരവ്‌ നല്‍കി എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിപ്പിച്ച്‌ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന ഛിദ്രശക്തികളെ തിരിച്ചറിയണമെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും കേരളത്തില്‍ വ്യവസ്ഥാപിതമായി നടന്ന്‌ വരുന്ന സ്ഥാപനങ്ങളെ തര്‍ക്കുക വഴി വിദ്യാഭ്യാസ രംഗത്ത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവെക്കുന്ന ഇത്തരം ഗൂഡാലോചകരെ പൊതുസമൂഹം തിരിച്ചറിയണമെന്നും സി.ബി.എസ്‌.ഇ. മലപ്പുറം സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ്‌ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിലും വിദേശത്തുമായി നല്ല നിലയിൽ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന്‌ സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ അതാത്‌ സംസ്ഥാന സര്‍ക്കാറുകളൂടെ മുന്‍കൂര്‍ അനുമതി (എന്‍.ഓ.സി) ലഭിച്ചതിന്‌ ശേഷമാണ്‌ സി.ബി.എസ്‌.ഇ.യുടെ അഫിലിയേഷന്‍ നല്‍കുന്നത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിഷ്‌കര്‍ഷിക്കുന്ന മുഴുവന്‍ മാനദണ്ഡങ്ങളും അനുസരിച്ച്‌ മാത്രമാണ്‌ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച്‌ വരുന്നത്‌.

സി.ബി.എസ്‌.ഇ. നല്‍കുന്ന `കോമ്പോസിറ്റ്‌ അഫിലിയേഷന്‍’ ഒന്നാം ക്ലാസ്‌ മുതലുള്ള അംഗീകാരമാണെന്നിരിക്കെ സ്‌കൂളുകള്‍ക്ക്‌ പ്രൈമറി ക്ലാസുകള്‍ക്ക്‌ അംഗീകാരമില്ലെന്ന്‌ പറയുന്നത്‌ തികച്ചും ബാലിശമാണെന്നും നിലവില്‍ അംഗീകാരമുള്ള സ്‌കുളുകളുടെ വിവരങ്ങള്‍ സി.ബി.എസ്‌.ഇ. വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്റെ മറവില്‍ അംഗീകൃത സ്‌കൂളുകള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിച്ചു
രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം സമൂഹം തിരിച്ചറിയണമെന്നും സഹോദയ ആവശ്യപ്പെട്ടു.

കോട്ടക്കൽ ഇസ്ലാഹിയ പബ്ലിക്‌ സ്കൂളിൽ ചേർന്ന സഹോദയ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ്‌ എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം ജൗഹർ ഭാരവാഹികളായ ജോജി പോൾ, നിർമല ചന്ദ്രൻ, ഡോ. എഎം ആന്റണി, സിസ്റ്റർ അൻസില,ജോബിൻ സെബാസ്റ്റ്യൻ, പി നിസാർഖാൻ, റ്റിറ്റോ എം ജോസഫ്, ഫാദർ ജിബിൻ വാഴക്കാലയിൽ സികെ ശശികല, എന്നിവർ സംസാരിച്ചു

Sharing is caring!