ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ച് ഗോകുലം

ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ച് ഗോകുലം

കോഴിക്കോട്: ഐലീഗ് വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ച് ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ബഗാനെ തോല്‍പ്പിച്ച 2-1 എന്ന സ്‌കോറിന് തന്നെയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള രണ്ടാം ടീമിനെയും തോല്‍പ്പിച്ചത്. എവേ മത്സരത്തിലേറ്റ ഒരു ഗോളിന്റെ പരാജയത്തിനുള്ള മറുപടി കൂടിയായി ഗോകുലത്തിന്റെ വിജയം.

ഒരു ഗോളിന് തോറ്റ് നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ച് വരവ്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് (45+4) ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ബംഗാള്‍ ടീം മുന്നിലെത്തിയത്. പെനാല്‍റ്റി ബോക്‌സില്‍ ലോബോയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ലാല്‍ഡണ്‍മാവിയാണ് ഈസ്റ്റ് ബംഗാളിന് പെനാല്‍റ്റി നേടി നല്‍കിയത്. കിക്കെടുത്ത കട്‌സുമി പിഴക്കാതെ പന്ത് വലയിലാക്കുകയും ചെയ്തു.

51ാം മിനിറ്റില്‍ ഹെന്റിയുടെ പാസില്‍ കിവിയാണ് ഗോകുലത്തെ ഒപ്പമെത്തിച്ചത്. ഒരു ഗോള്‍ തിരിച്ചടിച്ചതോടെ ഗോകുലം കളി ശക്തമാക്കിയെങ്കിലും ഗോള്‍ നേടാനായില്ല. 87ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് ഗോകുലത്തിന് രണ്ടാം ഗോള്‍ ലഭിച്ചത്. മലയാളി താരങ്ങളായ സല്‍മാന്റെയും അര്‍ജുനന്റെയും നീക്കത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച സലാം രഞ്ജന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് പോയി.

മലയാളി താരം സികെ ഉബൈദായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ഗോള്‍കീപ്പര്‍. പരുക്കന്‍ അടവുകള്‍ നിറഞ്ഞ കളിയില്‍ ഇരു ടീമിലെയും ഓരോരുത്തര്‍ക്ക് ചുവപ്പ് കാര്‍ഡും കിട്ടി. ഗോകുലത്തിന്റെ ഇര്‍ഷാദിനും ഈസ്റ്റ് ബംഗാളിന്റെ അര്‍ണാബ് മൊണ്ഡാലിനും ചുവപ്പ് കാര്‍ഡും കിട്ടി. വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു സമനിലയും സഹിതം 16 പോയന്റോടെ ഗോകുലം പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. 26 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്ത് തന്നതെുടരും. 31 പോയന്റോടെ നെറോകയും 29 പോയന്റോടെ മിനര്‍വയുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

Sharing is caring!