കൗണ്‍സില്‍ അറിയാതെ തിരൂര്‍ സ്റ്റേഡിയം അടച്ചു

കൗണ്‍സില്‍ അറിയാതെ  തിരൂര്‍ സ്റ്റേഡിയം അടച്ചു

തിരൂര്‍: മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ ചെയര്‍മാന്റെ നിര്‍ദ്ദേശത്തിനു വഴങ്ങി രാജീവ് ഗാന്ധി സ്റ്റേഡിയം അടച്ചു പൂട്ടിയതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ അമര്‍ഷം പുകയുന്നു.സെക്രട്ടറിക്കോ ചെയര്‍മാനോ ഏകപക്ഷീയമായി ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇത് അവകാശ ലംഘനമാണെന്നു മാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.ഇക്കാര്യത്തെക്കുറിച്ച് സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി തന്നില്ല. പ്രതിപക്ഷം ഈ നടപടിയില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.ഇന്നലെ രാവിലെയാണ് സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നില്‍ സ്റ്റേഡിയം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണെന്നും അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന ബോര്‍ഡു സ്ഥാപിച്ചത്. അറ്റകുറ്റപണികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. എന്തെല്ലാം അറ്റകുറ്റപണികളാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനവും എടുത്തിട്ടില്ല.ഇതിനുള്ള ഫണ്ടും അനുവദിച്ചിട്ടില്ല. സ്റ്റേഡിയം ഏറ്റെടുത്ത ശേഷം നഗരസഭയാതൊരു പരിരക്ഷാ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് സ്റ്റേഡിയം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.ലക്ഷങ്ങള്‍ ചെലവഴിച്ചു പാകിയ പുല്‍ത്തകിടുകള്‍ ഉണങ്ങി ദ്രവിച്ച് മണ്ണായിരിക്കുന്നു. പുതിയ പുല്‍ത്തകിടുകള്‍ വെച്ചുപിടിപ്പിച്ചാലേ പഴയ നിലയിലാക്കാന്‍ കഴിയുകയുള്ളു. വെള്ളമൊഴിക്കാത്തതിനാലാണ് പുല്‍ത്തകിടുകള്‍ നശിച്ചത്.സംഭവം വിവാദമായതോടെ തിരൂര്‍ പുഴയില്‍ നിന്നും പൈപ്പുമാര്‍ഗ്ഗം വെള്ളം അടിച്ചിട്ടുണ്ടെങ്കിലും പൊടി പാറാതിരിക്കാന്‍ മാത്രമേ ഇതു മൂലം സാധിച്ചിട്ടുള്ളു.സി ന്തറ്റിക് ട്രാക്ക് പലയിടങ്ങളിലും പൊട്ടിത്തകര്‍ന്നിരിക്കുന്നു. ട്രാക്കിന്റെ ഉപരിതലം പൂര്‍ണ്ണമായും തകര്‍ന്നു.രാപകലില്ലാതെ ചെരിപ്പും ഷൂസും ധരിച്ച് ട്രാക്കിലൂടെ ആളുകള്‍ ഓടുന്നതിനാലാണ് ട്രാക്ക് നശിച്ചത്. വടക്കും കിഴക്കുംഭാഗത്തു നിന്നും ആര്‍ക്കും പ്രവേശിക്കാം. സ്റ്റേഡിയത്തിനു ചുറ്റും വേലികെട്ടാത്തതാണ് കാരണം. ഇതിന് എം.എല്‍.എ.ഫണ്ടില്‍ നിന്നും 15 ലക്ഷം രുപ അനുവദിച്ചെങ്കിലും രാഷ്ട്രീയ കിടമത്സരത്തെ തുടര്‍ന്ന് നഗരസഭ തുക വാങ്ങിയില്ല. ഇന്നലെ വൈകുന്നേരം സി.മമ്മൂട്ടി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ യു.ഡി.എഫ്.സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു.തുടര്‍ന്ന് നടത്തിയ പത്രസമ്മേള ന ത്തില്‍ നാലേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്റ്റേഡിയം രണ്ടു വര്‍ഷത്തിനുള്ളില്‍ നശിപ്പിച്ച നഗരസഭയുടെ കെടുകാര്യസ്ഥതയെ അപലപിച്ചു.രാഷ്ട്രീയ വൈരാഗ്യത്തില്‍ നഗരസഭ സ്റ്റേഡിയം ഏറ്റെടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ നഗരസഭ അനുവദിക്കുകയാണെങ്കില്‍ താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞിരുന്നു. അന്ന് വിട്ടു തന്നിരുന്നെങ്കില്‍ സ്റ്റേഡിയത്തിന് ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമായിരുന്നില്ലെന്നും എം.എല്‍.എ. പറഞ്ഞു. സ്റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് തന്റെ ആവശ്യം. അതിനാണ് സ്റ്റേഡിയം അടച്ചിട്ട തെന്ന് നഗരസഭ പറയുന്നു. ഈ സാഹചര്യത്തില്‍ ഇന്നു നടത്താനിരുന്ന ജീവജലസമരം പിന്‍വലിച്ചതായും എം.എല്‍.എ. പറഞ്ഞു. വിജിലന്‍സ് പരിശോധനയില്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ഒരു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി എല്‍.ഡി.എഫ്.പറയുന്നുണ്ട്.ക്രമക്കേടു നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ വേണ്ട കാര്യങ്ങള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എം.എല്‍.എ.യോടൊപ്പം യു.ഡി.എഫ്. നേതാക്കളായ വെട്ടം ആലിക്കോയ, യാസര്‍ പൊട്ടച്ചോല, കെ.ഹുസൈന്‍.കൊക്കോടി മൊയ്തീന്‍ കുട്ടി, പി.രാമന്‍കുട്ടി ,പി.കെ.കെ.തങ്ങള്‍, സാജി റ, കെ.ഇബ്രാഹിം ഹാജി തുടങ്ങിയവരും ഉണ്ടായിരുന്നു.

Sharing is caring!