നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം നടത്തുന്നു

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം നടത്തുന്നു

മലപ്പറം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ സംഗമം നടത്തുന്നു. നാട്ടില്‍തിരിച്ചെത്തിയവരുടെ സംഘടനയായ ഗ്ലോബല്‍ പ്രവാസി റിട്ടേണീസ് അസോസിയേഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ പ്രവാസികളാണ് സംഗമിക്കുന്നത്. ഇതു സംബന്ധിച്ച സമ്പൂര്‍ണ കണ്‍വന്‍ഷന്‍ 15ന് വൈകിട്ട് മൂന്നിന് മഞ്ചേരി വ്യാപാര ഭവനില്‍ ചേരും. സംഗമത്തില്‍ അംഗത്വത്തിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യും.

കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടന വിവിധ മേഖലകളില്‍നിന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഒന്നിച്ചുനില്‍ക്കേണ്ടത് ആവശ്യകത തിരിച്ചറിഞ്ഞ് സംഗമം നടത്തുന്നതെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നോര്‍ക്ക റൂട്ട്സ് മുഖേന തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി പ്രകാരമുള്ള സബ്സിഡി ലോണ്‍ ബാങ്കുകള്‍ നിഷേധിക്കുന്നു, മറ്റുള്ള ക്ഷേമനിധി പെന്‍ഷനില്‍നിന്നും വിപരീതമായാണ് പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, നോര്‍ക്ക റൂട്ട്സിന്റെ സാന്ത്വന പദ്ധതി പ്രകാരം തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാനത്ത് ജില്ലാ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ റൂട്ട്സ് ഓഫീസില്‍ മുഴുവന്‍ പ്രവൃത്തി ദിവസങ്ങളിലും മതിയായ ജീവനക്കാരെ നിയമിക്കുക, സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്ക് അനുവദിച്ച സാമ്പത്തിക സഹായങ്ങള്‍ ത്രിതല പഞ്ചായത്തുകളില്‍കൂടി അടിയന്തരമായി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ഭാരവാഹികള്‍ ഉന്നയിക്കുന്നത്.

സംഗമത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847395901. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.ടി അബ്ദുല്‍ മനാഫ്, വി. നിസാര്‍ അഹമ്മദ്, കെ. സുനില്‍കുമാര്‍, കെ. അബ്ദുല്‍ ഗഫൂര്‍, കെ.കെ അബു എന്നിവര്‍ പങ്കെടുത്തു.

Sharing is caring!