ബഗാനെ അട്ടിമറിച്ച് ഗോകുലം

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ മോഹന്‍ ബഗാനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്സി. 2-1 നാണ് ഗോകുലം ആതിഥേയരെ തോല്‍പ്പിച്ചത്. മഹ്മൂദ് അല്‍ അജ്മിയും ഹെന്റി കിസികയും ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ദിപാണ്ഡ ഡിക്ക മോഹന്‍ ബഗാനിന്റെ ഏക ഗോള്‍ നേടി. ജയത്തോടെ ഗോകുലം പോയന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തെത്തി.

13 കളികളില്‍ എട്ടും തോറ്റ ഗോകുലത്തിന് ആശ്വാസം നല്‍കുന്നതായി ഇന്നത്തെ മത്സരം. അര്‍ജുനും ദിബിനുമടക്കം കഴിഞ്ഞ മത്സരത്തിലിറങ്ങിയ നാല് താരങ്ങളെ കരക്കിരുത്തിയാണ് ബിനോ ജോര്‍ജ് ഗോകുലത്തെ ഇറക്കിയത്. മലയാളി താരം റാഷിദും ആദ്യ ഇലവനില്‍ ഇടം പിടിച്ചിരുന്നു.

ആദ്യ പകുതിയില്‍ ഗോള്‍ നേടാനായി ബഗാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്റെ പ്രകടനം കേരളത്തിന് രക്ഷയായി. രണ്ടാം പകുതിയുടെ തുടക്കത്തിലും പലപ്പോഴും ബഗാന്‍ ഗോളിനടുത്ത് വരെ എത്തി. 77ാം മിനിറ്റിലാണ് അല്‍ അജ്മി ഗോകുലത്തിന് ആദ്യ ഗോള്‍ നേടി നല്‍കിയത്. ഗോകുലത്തിന്റെ ആഘോഷത്തിന് ഒരു മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നൊള്ളു. പ്രതിരോധത്തിലുണ്ടായ ചെറിയ പാളിച്ച മുതലെടുത്ത് ഡിക്ക ബഗാനെ ഒപ്പമെത്തിച്ചു.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തില്‍ 90ാം മിനിറ്റിലാണ് ഹെന്റി കിസെക്ക ഗോകുലത്തിന് വിജയ ഗോള്‍ നേടിയത്. എട്ട് മിനിറ്റുണ്ടായിരുന്ന അധിക സമയത്ത് ഗോള്‍ മടക്കാനായി ആതിഥേയര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 13 കളികളില്‍ നിന്നും നാല് ജയവും ഒരു സമനിലയുമുള്ള ഗോകുലം 13 പോയന്റോടെ ഒമ്പതാം സ്ഥാനത്താണ്. 13 കളികളില്‍ 29 പോയന്റ് നേടിയ മിനര്‍വ പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *