മകളെ ശല്യംചെയ്ത യുവാവിനെ പിതാവും ബന്ധുക്കളുംചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

മകളെ ശല്യംചെയ്ത യുവാവിനെ  പിതാവും ബന്ധുക്കളുംചേര്‍ന്ന്  പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണിയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും അടങ്ങുന്ന 30ഓളം പേരടങ്ങുന്ന സംഘമാണ് തന്നെ മര്‍ദിച്ചതെന്നാണ് യുവാവ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. ഇതുസംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതായി പെരിന്തല്‍മണ്ണ സിഐ പറഞ്ഞു.

ഇന്നലെയാണ് യുവാവ് പരാതി നല്‍കിയത്. അരമണിക്കൂറിലേറെ നീണ്ട മര്‍ദ്ദനത്തില്‍ യുവാവിന്റെ കൈയ്യിനും കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. വസ്ത്രമുരിഞ്ഞും അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞുമായിരുന്നു മര്‍ദ്ദനം. മാപ്പാക്കണമെന്ന് യുവാവ് അഭ്യാര്‍ത്ഥിച്ചെങ്കിലും മര്‍ദ്ദിച്ചവര്‍ ഇതു ചെവികൊണ്ടില്ല. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ യുവാവിന്റെ പരാതിയില്‍ ഇന്നലെ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണമാരംഭിച്ചു.

ഒരാഴ്ച മുമ്പാണ് അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശിയായ യുവാവിന് മര്‍ദ്ദനമേറ്റത്. മകളെ ശല്യം ചെയ്യുന്നതിനാണ് മര്‍ദ്ദനമെന്ന് ഇതിന് നേതൃത്വമേകുന്നയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ബൈക്കില്‍ കരിങ്കല്ലത്താണി വരെ 18 കിലോമീറ്റര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതായി വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

പെണ്‍കുട്ടിയോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടിലെത്തി ചോദിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇപ്രകാരമെത്തിയപ്പോഴാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പറയുന്നു. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. മര്‍ദ്ദിച്ചതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് മാനഹാനിയുണ്ടാക്കിയെന്നും കാണിച്ചാണ് യുവാവ് പൊലീസിനില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.

Sharing is caring!