പി വി അന്‍വറിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യു ഡി എഫ് സമരജ്വാല

പി വി അന്‍വറിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി യു ഡി എഫ് സമരജ്വാല

നിലമ്പൂര്‍: നിയമലംഘകരേയും, ഭൂമി കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊള്ളുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി വി അന്‍വര്‍ എം എല്‍ എുടെ നിയമലംഘനങ്ങള്‍ക്കെതിരെ യു ഡി എഫ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യു ഡി എഫ് സമരജ്വാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി വി അന്‍വര്‍ എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളുടെ നിയമലംഘനം കണ്ടില്ല, കേട്ടില്ല എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത്രയും ഭൂമി കയ്യേറ്റം നടത്തിയ വ്യക്തി ഇന്ന് നിയമസഭ പരിസ്ഥിതി കമ്മിറ്റി അംഗമാണ്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടച്ചു വെച്ച ഭൂതത്തെ തുറന്നു വിട്ട അവസ്ഥയാണ് നിലമ്പൂരുകാര്‍ക്ക് സംഭവിച്ചതെന്ന് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. ആര്യാടന്‍ മുഹമ്മദ് നിലമ്പൂരിന് വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം വിസ്മരിച്ച് ചെറിയ ചെറിയ പരാതികള്‍ പറഞ്ഞ് അവരെ തള്ളിപ്പറഞ്ഞവര്‍ ഇന്നതിന്റെ ഫലം അനുഭവിക്കുകയാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ കഴിഞ്ഞ ബജറ്റിലടക്കം ഒന്നും ശരിയാക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു ഡി എഫ് ചെയര്‍മാന്‍ കെ ടി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, എ പി അനില്‍കുമാര്‍ എം എല്‍ എ, ആര്യാടന്‍ മുഹമ്മദ്, വി ടി ബല്‍റാം എം എല്‍ എ,
ആര്യാടന്‍ ഷൗകത്ത്, എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി എന്നിവര്‍ സംസാരിച്ചു.

Sharing is caring!