ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം രാഷ്ട്രീയ പ്രേരിതം: കുഞ്ഞാലിക്കുട്ടി

ഹജ് സബ്‌സിഡി  നിര്‍ത്തലാക്കിയ തീരുമാനം  രാഷ്ട്രീയ പ്രേരിതം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹജ് സബ്‌സിഡി നിറുത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം എടുത്തത് എന്ത് ലക്ഷ്യം വെച്ചാണെന്ന് ഏവര്‍ക്കും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി 2022 വരെ സമയമനുവദിച്ച് ഘട്ടം ഘട്ടമായി നിറുത്തലാക്കണമെന്നാവശ്യപ്പെട്ട സബ്‌സിഡി ഒറ്റയടിക്ക് നിറുത്തലാക്കിയത് സാധാരണക്കാരുടെ ഹജ് സ്വപ്‌നങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ യു പി എ സഖ്യകക്ഷികളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുസ്ലിം ലീഗ് ഈ വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ടെന്‍ഡര്‍ വിളിച്ച് ഹജ് യാത്ര ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശം ചെവികൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് സബ്‌സിഡി മാത്രം എടുത്ത് കളയുയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണിത്. മറ്റ് പല തീര്‍ഥാടനത്തിനും ഉള്ള സബ്‌സിഡി നിലനിറുത്തി കൊണ്ടാണ് കേന്ദ്രം ഹജ് സബ്‌സിഡി മാത്രം നിറുത്തലാക്കിയത്. സബ്‌സിഡി അനുവദിക്കുന്ന പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ് സബ്‌സിഡി നിറുത്തലാക്കിയ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ അതുകൊണ്ട് ആരാണ് ഗുണമുണ്ടാക്കുന്നതെന്ന് തിരിച്ചറിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലെടുക്കുന്ന പല തീരുമാനങ്ങളും ബി ജെ പിക്ക് ഗുണമായി ഭവിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് പറഞ്ഞു.

പണമുള്ളവര്‍ മാത്രം ഹജ് ചെയ്താല്‍ മതിയെന്നത് കൃത്യമായ വേര്‍തിരിവാണ്. പണക്കാര്‍ക്ക് മാത്രമല്ല പാവപ്പെട്ടവര്‍ക്കും ഹജ് ചെയ്യേണ്ടതുണ്ട്. പണം ഒരു മാനദണ്ഡമാക്കിയാല്‍ ഹജിന്റെ ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് വലിയൊരു വിഭാഗത്തിന് അതിനുള്ള അവസരം നഷ്ടമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Sharing is caring!