വെള്ളത്തില്‍ പ്രസവിച്ച യുവതി മരിച്ചു, മഞ്ചേരിയിലെ ആശുപത്രി പൂട്ടച്ചു

വെള്ളത്തില്‍ പ്രസവിച്ച  യുവതി മരിച്ചു, മഞ്ചേരിയിലെ  ആശുപത്രി പൂട്ടച്ചു

മലപ്പുറം: നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി വെള്ളത്തില്‍ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി ഷഫ്‌നയാണ് മരിച്ചത്. ജനുവരി എട്ട് തിങ്കളാഴ്ച മഞ്ചേരി ഏറനാട്

ആശുപത്രിയിലെ നാച്ചുറോപ്പതി ചികിത്സകനായ ആബിറാണ് യുവതിയുടെ പ്രസവമെടുത്തത്. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന വാട്ടര്‍ ബെര്‍ത്ത് സംവിധാനത്തിലൂടെയായിരുന്നു ഇവിടെ പ്രസവം നടന്നിരുന്നത്. വെള്ളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുന്ന രീതിയാണ് വാട്ടര്‍ബെര്‍ത്ത്.

മഞ്ചേരിയിലെ ഏറനാട് ആശുപത്രിയില്‍ വച്ചാണ് വെട്ടിച്ചിറ സ്വദേശിയായ ഷഫ്‌ന ദാരുണമായി മരണപ്പെട്ടത്. വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണം.

അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയുടെ ബിപിയും നിലച്ചു. ഇതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി എട്ട് തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ മരണത്തെക്കുറിച്ച് ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി ലഭിക്കുന്നത്. ഏറനാട് ആശുപത്രിയിലെ അശാസ്ത്രീയ ചികിത്സകാരണം പ്രസവത്തിനിടെ യുവതി മരിച്ചെന്നായിരുന്നു പരാതി. നാട്ടുകാരില്‍ ചിലരാണ് ആരോഗ്യവകുപ്പിനും മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഇതോടെയാണ് വാട്ടര്‍ബെര്‍ത്ത് പ്രസവത്തിനിടെ യുവതി മരിച്ചെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.

എന്നാല്‍ മരിച്ച ഷഫ്‌നയുടെ ഭര്‍ത്താവോ ബന്ധുക്കളോ സംഭവത്തില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ആബിര്‍ എന്നയാളും ഇയാളുടെ ഭാര്യയുമാണ് ഏറനാട് ആശുപത്രിയില്‍ നാച്ചുറോപ്പതി ചികിത്സ നടത്തിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.

നാച്ചുറോപ്പതി ചികിത്സയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ഏറനാട് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത്. ആബിര്‍ എന്നയാള്‍ക്ക് നാച്ചുറോപ്പതി ചികിത്സയ്ക്കായി ഒരു മുറി വിട്ടുനല്‍കിയെന്നേയുള്ളു എന്നും മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.

ഏറനാട് ആശുപത്രിയില്‍ ദീര്‍ഘനാളായി ഇത്തരം ചികിത്സാരീതികള്‍ നടന്നുവരുന്നുണ്ടെന്നാണ് നാട്ടുകാരുടെയും ആരോപണം. അതേസമയം, ആശുപത്രിയിലെത്തി പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രസവമുറിയും നാച്ചുറോപ്പതി വിഭാഗവും അടച്ചുപൂട്ടി സീല്‍ ചെയ്തു. തുടര്‍ന്ന് ആശുപത്രി രേഖകളും പരിശോധിച്ചു. ആബിറും ഭാര്യയും നിരവധിപേരെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

വിദേശരാജ്യങ്ങളില്‍ നിലവിലുള്ള പ്രത്യേകതരം പ്രസവരീതിയാണ് വാട്ടര്‍ബെര്‍ത്ത്. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ വെള്ളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുന്ന പ്രസവരീതിയാണിത്. ആധുനിക വൈദ്യശാസ്ത്രം ഇതിനെ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യയിലടക്കം വാട്ടര്‍ബെര്‍ത്തിന് വന്‍ പ്രചാരണം ലഭിക്കുന്നുണ്ട്.

Sharing is caring!