അയ്യപ്പക്ഷേത്ര പുനരുദ്ധാരണത്തിന് പൊന്നാനി വലിയ ജാറം കമ്മറ്റി ഫണ്ട് നല്‍കി

അയ്യപ്പക്ഷേത്ര  പുനരുദ്ധാരണത്തിന് പൊന്നാനി വലിയ ജാറം കമ്മറ്റി ഫണ്ട് നല്‍കി

പൊന്നാനി: മതസൗഹാര്‍ദ്ദത്തിന്റെ വിളംബര വേദിയായി ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് പൊന്നാനി വലിയ ജാറം കമ്മറ്റിയുടെ സഹായഹസ്തം. പൊന്നാനി വലിയ ജാറം കമ്മറ്റി സമാഹരിച്ച തുക ക്ഷേത്രത്തിന് കൈമാറി. ചമ്രവട്ടംഅയ്യപ്പക്ഷേത്രസന്നിധിയില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്.

മതങ്ങള്‍ തമ്മിലുള്ള പരസ്പര കലഹങ്ങള്‍ക്കിടയില്‍ മത സാഹോദര്യത്തിന്റെ കെടാവിളക്കുകള്‍ അണയാതെ കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത വിളിച്ചോതിയാണ് പൊന്നാനി വലിയ ജാറം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാതൃകാ പ്രവര്‍ത്തനം നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിന് അഗ്‌നിബാധയുണ്ടായതിനെത്തുടര്‍ന്ന് വലിയ ജാറം കമ്മറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള സഹായം നല്‍കാമെന്ന വാഗ്ദാനമാണ് ജാറം കമ്മറ്റി യാഥാര്‍ത്ഥ്യമാക്കിയത്. ഉച്ചയോടെ ക്ഷേത്ര സന്നിധിയിലെത്തിയ ജാറം ഭാരവാഹികളെ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ വിവരിച്ചു. മതങ്ങള്‍ക്കപ്പുറം മനുഷ്യരെ ഒന്നായി കാണുന്ന മഹത്തായ പാരമ്പര്യമാണ് കേരളത്തിന്റെ തെന്നും, ഇതിനുദാഹരണമാണ് അയ്യപ്പനും, വാവരും തമ്മിലുള്ള ബന്ധമെന്നും മുന്‍ ഹജ്ജ് കമ്മറ്റിയംഗം കെ.എം.മുഹമ്മദ് ഖാസിം കോയ പറഞ്ഞു. മത സാഹോദര്യമാണ് കാലഘട്ടത്തിന് ആവശ്യമെന്ന് ക്ഷേത്രം പുനരുദ്ധാരണ കമ്മറ്റി കെ.ജയപ്രകാശന്‍ അഭിപ്രായപ്പെട്ടു.തുടര്‍ന്ന് വലിയ ജാറം കമ്മറ്റിയുടെ തുക ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറി.

Sharing is caring!