ഷോക്കേറ്റ് പെരിന്തല്‍മണ്ണയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇഷാദിന്റെ ചികിത്സാ ചെലവ് വഹിക്കും: ആരോഗ്യമന്ത്രി

ഷോക്കേറ്റ് പെരിന്തല്‍മണ്ണയില്‍  ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇഷാദിന്റെ ചികിത്സാ ചെലവ്  വഹിക്കും: ആരോഗ്യമന്ത്രി

മലപ്പുറം: വൈദ്യുതാഘാതമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മലപ്പുറം കിംസ് അല്‍ഷിഫാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലപ്പുറം മണ്ണാര്‍മല മുണ്ടയ്ക്കാതൊടി വീട്ടില്‍ അബ്ദുസലാമിന്റെ മകന്‍ മുഹമ്മദ് ഇഷാദിന്റെ (14) ചികിത്സാ ചെലവ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഹിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

2017 സെപ്റ്റംബര്‍ 29-ാം തീയതി വൈകുന്നേരം പച്ചിരി ഭാഗത്തുള്ള വൈദ്യുതി പോസ്റ്റിന് സമീപം നടന്നു പോകുമ്പോള്‍ പോസ്റ്റില്‍ നിന്നും പൊട്ടി വീണ കമ്പിയില്‍ നിന്നുമാണ് മുഹമ്മദ് ഇഷാദിന് മാരകമായ വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ പെരുന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂക്ഷ നല്‍കിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് ഇഷാദിന്റെ കൈ മുഴുവനായും മുറിച്ച് മാറ്റേണ്ടി വന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ കാരണം കുടല്‍ പുറത്ത് വരികയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓപ്പറേഷനിലൂടെ കുടല്‍ മുറിച്ചുമാറ്റി ഒരു മാസത്തോളം അവിടെ ചികിത്സിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ 27ന് കിംസ് അല്‍ഷിഫ ആശുപത്രിയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യു.വിലേക്ക് മാറ്റി. കുടല്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ നേരിയ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമൃത ആശുപത്രിയും അല്‍ഷിഫയും സംയുക്തമായാണ് ഈ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തുന്നത്.

കുട്ടിയുടെ ചികിത്സയ്ക്ക് മാത്രമായി 32 ലക്ഷം രൂപയോളം ചെലവായതായി പിതാവ് പറയുന്നു. അതില്‍ 21 ലക്ഷം രൂപ നാട്ടുകാര്‍ പിരിച്ചും കുറച്ച് തുക കടം മേടിച്ചും മറ്റും നല്‍കിയത്രേ. ഇനി കുട്ടിയുടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ നട്ടം തിരിയുകയാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ അബ്ദുസലാം. ഈ സംഭവത്തെപ്പറ്റിയറിഞ്ഞാണ് ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ച് സഹായം വാഗ്ദാനം നല്‍കിയത്.

Sharing is caring!