ടാങ്കില്‍വീണ് എല്‍.കെ.ജി. വിദ്യാര്‍ഥി മരിച്ചു

ടാങ്കില്‍വീണ്  എല്‍.കെ.ജി. വിദ്യാര്‍ഥി മരിച്ചു

നിലമ്പൂര്‍: വീട്ടിലെ ശുചിമുറിയുടെ ടാങ്കില്‍ വീണ് എല്‍.കെ.ജി.വിദ്യാര്‍ഥി മരിച്ചു. പോത്തുകല്ല് പൊട്ടിയില്‍ കുഴീങ്ങല്‍ ജാഫറിന്റെയും ലുബ്‌നയുടേയും മകന്‍ മുഹമ്മദ് ഹസന്‍(ദില്‍ഷാദ്-4)ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ജാഫറിന്റെ സഹോദരി ഫൗസിയയുടെ മകള്‍ ഫാത്തിമ നിസ(മൂന്നര)യാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പോത്തുകല്ല് ഹോളി എയ്ഞ്ചല്‍സ് ഇംഗ്‌ളീഷ് സ്‌കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഹസന്‍.

വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുന്‍പായി വീട്ടില്‍ നിന്ന് കളിക്കാനായി പുറത്തിറങ്ങിയതായിരുന്നു മുഹമ്മദ് ഹസന്‍. കൂടെ ഫാത്തിമയുമുണ്ടായിരുന്നു. ജാഫര്‍ താമസിക്കുന്ന വാടകവീടിന്റെ പിറകുവശത്തുള്ള ശുചിമുറിയുടെ ടാങ്കിന് മുകളിലൂടെ നടന്നതോടെ മുകളിലുള്ള സ്ലാബ് തകര്‍ന്നാണ് ഇരുവരും കുഴിയിലേക്ക് വീണത്. ശബ്ദം കോട്ടാണ് ഫാത്തിമായുടെ മാതാവ് ഫൗസിയ ഓടിവന്നത്. തകര്‍ന്ന സ്ലാബിനടിയില്‍ കിടക്കുന്ന ഫാത്തിമയെയാണ് ആദ്യം കണ്ടത്. ഇതോടെ ഫൗസിയ കുഴിയിലേക്കിറങ്ങി. അടുത്ത വീട്ടിലെ മറ്റൊരു സ്ത്രീ വന്ന് കുഴിയില്‍ നിന്ന് ഫാത്തിമയെ കരക്ക് കയറ്റാന്‍ സഹായിച്ചു. പെട്ടന്ന്തന്നെ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അഞ്ചുമിനിറ്റിനുള്ളില്‍ മുഹമ്മദ് ഹസനേയും കരയിലെത്തിച്ചു. അപ്പോഴേക്കും പോത്തുകല്ല് പോലീസും വിവരമറിഞ്ഞ് സ്ഥലത്തെത്തി. എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് വണ്ടിയിലാണ് മുഹമ്മദ് ഹസനെ നിലമ്പൂരെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് മൃതദേഹപരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊണ്ടുപോയി. ഫാത്തിമ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലാണ്. ജാഫറിന്റെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു സഹോദരി ഫൗസിയയും മകളും. ദില്‍ഷാദിന് സഹോദരങ്ങളില്ല.

Sharing is caring!