മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ സ്ഥാനം പണംകൊടുത്ത് വാങ്ങിച്ചതായി ആരോപണം

മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ സ്ഥാനം  പണംകൊടുത്ത് വാങ്ങിച്ചതായി ആരോപണം

പൊന്നാനി: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ സ്ഥാനം യൂത്ത് ലീഗ് നേതാവിന് അര ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. വെളിയങ്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് വിമര്‍ശനം. ലീഗ് മെമ്പര്‍ഷിപ്പ് തുകയില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കേണ്ടതിലേക്ക് 45,000 രൂപ യൂത്ത് ലീഗ് ജില്ലാ ജോ. സെക്രട്ടറി വി. കെ. എം. ഷാഫിയാണ് നല്‍കിയതെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന കൗണ്‍സില്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചതെന്നും മത്സരം ഉണ്ടായപ്പോള്‍ വിജയിപ്പിക്കാന്‍ ഭാരവാഹികള്‍ ശ്രമിച്ചതെന്നും ഒരു വിഭാഗം ആരോപിച്ചു.

അയ്യായിരം അംഗങ്ങളെ ചേര്‍ത്ത പഞ്ചായത്ത് കമ്മിറ്റിക്ക് ഒരു സംസ്ഥാന കൗണ്‍സിലറെ ലഭിക്കും. എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ സ്ഥാനം ലഭിക്കുന്നതിന് ലീഗ് അല്ലാത്തവരെയും അംഗങ്ങളായി ചേര്‍ത്തതായും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് നടന്ന ലീഗ് പഞ്ചായത്ത് യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ സ്ഥാനത്തേക്ക് യൂത്ത് ലീഗ് ജില്ലാ ജോ. സെക്രട്ടറി വി. കെ. എം. ഷാഫിയുടെയും ലീഗ് വെളിയങ്കോട് പഞ്ചായത്ത് അധ്യക്ഷനായ കെ. കെ. ബീരാന്‍കുട്ടിയുടെയും പേരുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു ഇതുമൂലം ലീഗ് പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമെടുക്കാമെന്ന തീരുമാനത്തില്‍ പിരിയുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ലീഗ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ചുമതലയുള്ള വി. ഐ. എം. അഷ്റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു. മുനീബ് എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാത്രി വെളിയങ്കോട് ലീഗ് ഓഫീസില്‍ യോഗം ചേരുകയുണ്ടായി. ഈ യോഗത്തില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമായ കെ. കെ. ബാദുഷ സംസ്ഥാന കൗണ്‍സില്‍ സ്ഥാനത്തേക്കായി ബീരാന്‍കുട്ടിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെ. ഒ. അബൂബക്കര്‍ യൂത്ത് ലീഗ് നേതാവ് ഷാഫിയുടെ പേര് നിര്‍ദേശിച്ചതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.

ഒമ്പത് അംഗങ്ങളടങ്ങിയ ഭാരവാഹികളില്‍ നിന്നും വോട്ടിംഗ് നടത്തിയപ്പോള്‍ അഞ്ചുപേരുടെ പിന്തുണയില്‍ ഷാഫി വിജയിക്കുകയായിരുന്നു. കെ. വി. ഹനീഫ, കെ. ഒ. അബൂബക്കര്‍, മുത്തുമോന്‍ തങ്ങള്‍, മുജീബ് പഴഞ്ഞി, മുനീര്‍ എന്നിവര്‍ ഷാഫിയെ പിന്തുണച്ചപ്പോള്‍ കെ. കെ. ബാദുഷ, ടി. എ. മജീദ്, മൊയ്തുട്ടി ഹാജി, കെ. പി. അന്‍വര്‍ എന്നിവര്‍ ബീരാന്‍കുട്ടിയേയും പിന്തുണച്ചു. എടപ്പാള്‍ താമസക്കാരനായ യൂത്ത് ലീഗ് നേതാവ് വെളിയങ്കോട് പഞ്ചായത്തിലെ താമസമെന്ന് തിരിച്ചറിയല്‍ രേഖയുണ്ടാക്കിയാണ് ലീഗ് മണ്ഡലം ഭാരവാഹി ആയതെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വെളിയങ്കോട്ടെ ലീഗില്‍ വലിയ പൊട്ടിത്തെറികളുണ്ടാകും

Sharing is caring!