എംടിയെ പിന്തുണച്ച എഴുത്തുകാരന് ഭീഷണി

എംടിയെ പിന്തുണച്ച  എഴുത്തുകാരന് ഭീഷണി

മലപ്പുറം: എംടി വാസുദേവന്‍ നായര്‍ മുസ്ലിം വിദേ്വഷ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയ എഴുത്തുകാരന് ഭീഷണി. ടെലിഫോണിലും സോഷ്യല്‍ മീഡിയ വഴിയും തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുവെന്നു ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രതികരിച്ചു. എംടിക്കെതിരേ ആരോപണങ്ങളുയര്‍ന്നിട്ടും സാഹിത്യലോകം മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. കേരളം കൂടുതല്‍ അസഹിഷ്ണുതയുള്ള നാടായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏത് തലത്തില്‍ പ്രവര്‍ത്തിക്കുന്നവരിലും അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. രാഷ്ര്ടീയമെന്നോ മതമെന്നോ അക്കാര്യത്തില്‍ വ്യത്യാസമില്ല. ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങളും ചര്‍ച്ചകളും അവസാനിച്ചതായി ഭയപ്പെടുന്നുവെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

ചരിത്ര ബോധമുള്ളവരും ഇന്നലെകളെ കുറിച്ച് അറിയുന്നവരും സമൂഹത്തില്‍ കുറഞ്ഞുവരികയാണ്. എല്ലാ കുടുംബങ്ങളും ഡോക്ടര്‍മാരെയും എന്‍ജിനയര്‍മാരെയും നിര്‍മിച്ചെടുക്കാനുള്ള തിരക്കിലാണ്. എംടിയെ പോലുള്ള മഹാ വ്യക്തിത്വങ്ങളെ കുറിച്ച് അറിയാത്തവരാണ് ഇത്തരത്തില്‍ മോശമായ രീതിയില്‍ പ്രതികരിക്കുന്നത്. എഴുത്തുകാര്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം നഷ്ടമായിട്ടുണ്ട്. രണ്ടോ മൂന്നോ സിനിമയില്‍ അഭിനയിച്ച താരത്തിന് ലഭിക്കുന്ന അംഗീകാരം പോലും 50 വര്‍ഷത്തോളം സജീവമായിരുന്ന എഴുത്തുകാരന് ലഭിക്കുന്നില്ലെന്നും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

എംടിയെ പിന്തുണച്ച് രംഗത്തെത്തിയ ശേഷമുണ്ടായ അനുഭവം വിവരിച്ച് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Sharing is caring!