പ്രശ്‌നപരിഹാരത്തിന് ഇടനിലക്കാരനായി കുഞ്ഞാലിക്കുട്ടി

പ്രശ്‌നപരിഹാരത്തിന്  ഇടനിലക്കാരനായി  കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്.
വിഷയത്തില്‍ സമസ്തയുടെ നിലപാടറിയാന്‍ കുഞ്ഞാലിക്കുട്ടി സസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ ദിവസം ജിഫ്‌രി തങ്ങളുടെ വീട്ടില്‍വെച്ചാണു കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തയത്. പാണക്കാട് കുടുംബമായും സമസ്തയുമായും അടുത്ത ബന്ധംപുലര്‍ത്തുന്ന കുഞ്ഞാലിക്കുട്ടി വഷയം രമ്യയമായി പരിഹരിക്കുമെന്നുതന്നെയാണ് ഇരുവിഭാഗം നേതാക്കളും കരുതുന്നത്.
അതേ സമയം ഇതുസംബന്ധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുന്നതിനായി ഇന്നലെ സമസ്ത അഞ്ചംഗ സമിതിയെ നിയോഗിച്ചു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തില്‍വെച്ചാണ് സമസ്ത സമിതിയെ നിയോഗിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് എന്നിവരാണ് സമിതി അംഗങ്ങള്‍.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പള്ളി, മദ്‌റസ, മഹല്ല് സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തത്.
മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുജാഹിദ് സമ്മേളനത്തിനെത്തിയത്.
മുജാഹിദ് പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു പറഞ്ഞാണു കഴിഞ്ഞ ദിവസം സമസ്ത പത്രക്കുറിപ്പിറക്കിയിരുന്നത്.
ഭൂരിപക്ഷം വരുന്ന സുന്നികള്‍ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സച്ചരിതരായ സ്വഹാബത്തിനെയും മുന്‍ഗാമികളെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളിപ്പറയുകയും മുസ്‌ലിം സമുദായത്തില്‍ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുകയും മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളില്‍ സംബന്ധിക്കാന്‍ സമസ്തയുമായി ബന്ധപ്പെട്ടവര്‍ക്ക് കഴിയില്ലെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു.

Sharing is caring!