മലപ്പുറത്തിന് പുതുവത്സര സമ്മാനവുമായി അക്ഷയ

മലപ്പുറത്തിന് പുതുവത്സര സമ്മാനവുമായി അക്ഷയ

മലപ്പുറം: ജില്ലയ്ക്ക് പുതുവത്സര സമ്മാനവുമായി അക്ഷയ പുതിയ സംരംഭത്തിന് തുടക്കമിടുന്നു. പുതുതായി തുടങ്ങുന്ന ഓണ്‍ലൈന്‍ റേഡിയോ ജനുവരിയില്‍ ശ്രോതാക്കളിലെത്തും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതിക്ക് അക്ഷയ തുടക്കമിട്ടിരിക്കുന്നത്. പൊതു വാര്‍ത്ത, സര്‍ക്കാര്‍ അറയിപ്പുകള്‍, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയെല്ലാം റേഡിയോ വഴി ജനങ്ങളിലെത്തിക്കും. akshayaradio.com വഴിയാണ് റേഡിയോ സേവനം ലഭിക്കുക

രാവിലെ 10 മുതല്‍ അഞ്ച് വരെ ഓരോ മണിക്കൂറിലും വാര്‍ത്തകളുണ്ടാവും. 15 മിനിറ്റാവും ദൈര്‍ഘ്യം. മലയാളസര്‍വകലാശാലയുമായി ചേര്‍ന്നാണ് അവതരണമുണ്ടാവുക. വിവിധ വകുപ്പുകളില്‍ നിന്നും യഥാസമയം വിവരം നല്‍കുന്നതിനായി ഓഫീസുകളില്‍ നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ വിനോദ പരിപാടികള്‍ അടക്കമുള്ളവ സംപ്രേഷണം ചെയ്യാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് അക്ഷയ പ്രൊജക്ട് കോഡിനേറ്റര്‍ കിരണ്‍ സി മേനോന്‍ പറഞ്ഞു. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി കൂടുതല്‍ വിപുലമാക്കാനും പദ്ധതിയുണ്ട്. നിയാസ് പുല്‍പ്പാടനാണ് അക്ഷയ റേഡിയോയുടെ ചുമതലയുള്ളത്.

പരിപാടികള്‍ ജനങ്ങളിലെത്തിക്കുന്നതിന് പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്പീകര്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാവും ആദ്യ ഘട്ടത്തില്‍ സ്പീകര്‍ സ്ഥാപിക്കുക.

Sharing is caring!