ഫ്‌ലാഷ് മോബ്; വിദ്യാര്‍ഥിനികളെ അപമാനിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഫ്‌ലാഷ് മോബ്; വിദ്യാര്‍ഥിനികളെ അപമാനിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: ഫ്‌ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപമാനിച്ച സംഭവത്തില്‍ പോലീസ് സ്വമേധന കേസെടുത്തു. പോലീസ് നേരിട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം നടത്തിയ ശേഷമാണ് കേസെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് പ്രധാനമായും ശ്രദ്ധയില്‍ പെട്ടത്. ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ നടപടി സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചരണം, അശ്ലീല പദപ്രയോഗം, വിഭാഗീയതയും, കലാപവുമുണ്ടാക്കാനുള്ള ശ്രമം എന്നിവയാണ് വകുപ്പുകള്‍. ഇതോടൊപ്പം ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

ആരോഗ്യ വകുപ്പിന്റെ ജില്ലാതല എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 1ന് മലപ്പുറത്ത് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. ഫ്‌ലാഷ് മോബില്‍ സംബന്ധിച്ച പ്രത്യേക സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളെ തിരിഞ്ഞു പിടിച്ചാണ് അപവാദ പ്രചരണം നടത്തിയത്. പെണ്‍കുട്ടികളെ സ്വഭാവഹത്യയും, വ്യക്തിഹത്യയും നടത്തുന്ന രീതിയിലായിരുന്നു പ്രചാരണം.

ബിച്ചാന്‍ ബഷീര്‍, പി എ അനസ്, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് എന്നിവരുടെ അക്കൗണ്ട് വിവരങ്ങള്‍ എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Sharing is caring!