ഫേസ്ബുക്കില്‍ പോരടിച്ച് ലീഗ്- സമസ്ത നേതാക്കള്‍

ഫേസ്ബുക്കില്‍ പോരടിച്ച് ലീഗ്- സമസ്ത നേതാക്കള്‍

മലപ്പുറം: താനൂരില്‍ നബിദിന ഘോഷയത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പരസ്പരം പോരടിച്ച് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും സമസ്ത നേതാവ് ബഷീര്‍ ഫൈസി ദേശമംഗലവും. ഉണ്യാലിലെ അക്രമവുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇരുവരും തര്‍ക്കം തുടങ്ങിയത്.

നബിദിനറാലിക്കിടെ ഉണ്യാലില്‍ ഉണ്ടായ അക്രമത്തില്‍ ആറ്‌പേര്‍ക്ക് കുത്തേറ്റെന്ന വാര്‍ത്ത ഏറെ ആശങ്കാജനകമാണ് എന്ന് പറഞ്ഞാണ് നജീബ് കാന്തപുരത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. പ്രവാചകന്റെ പേരില്‍ നടക്കുന്ന ചടങ്ങില്‍ പോലും സഹിഷ്ണുത കാണിക്കാനാവില്ലെങ്കില്‍ ഇതെന്ത് ഇസ്ലാമാണ് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടും കുത്തും നടത്തി നൈസായി സമസ്ത ഏറ്റുമുട്ടലായി ചേര്‍ത്തു വയ്ക്കുകയാണ് ചെയ്യുന്നതെന്ന് മറുപടി പോസ്റ്റില്‍ ബഷീര്‍ ഫൈസി പറയുന്നു. ‘കോസ്റ്റല്‍ ബെല്‍റ്റില്‍ കാലങ്ങളായി അവരുടെ ദാരിദ്ര്യം മുതലെടുത്തു തുടര്‍ന്ന് വരുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടര്‍ചയാണ് ഉണ്ണ്യലില്‍ ഉണ്ടായത്. എന്നിട് ‘നബിദിന റാലിയില്‍ പോലും..’ ബഷീര്‍ ഫൈസി പറയുന്നു.

ബഷീര്‍ ഫൈസിക്ക് മറുപടിയുമായി വീണ്ടും നജീബ് കാന്തപുരം പോസ്റ്റിട്ടു. ലീഗും സമസ്തയും ഒന്നിച്ച് പോവണമെന്നാണ് ആഗ്രഹമെന്നും പക്ഷെ, കടുത്ത ലീഗ് വിരുദ്ധനായ ബഷീര്‍ ഫൈസി ദേശമംഗലത്തെ പോലുള്ള നാലാം കിടക്കാര്‍ സമസ്തയുടെ ലേബലില്‍ വിരട്ടാന്‍ വന്നാല്‍ അനുവദിക്കില്ലെന്നും നജീബ് കാന്തപുരം മറുപടി പോസ്റ്റില്‍ പറയുന്നു. തന്നെ തിരുത്താന്‍ പാര്‍ട്ടി നേതൃത്വവും പാണക്കാട് കുടുംബവുമുണ്ടെന്നും വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല യൂത്ത് ലീഗ് നേതാക്കാന്‍മാരെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ പോസ്റ്റിന് ശേഷം ബഷീര്‍ ഫൈസിയെ രൂക്ഷമായി വിമര്‍ശിച്ച് നജീബ് കാന്തപുരം വീണ്ടും പോസ്റ്റിട്ടു. ഇങ്ങോട്ട് പരസ്യമായി പറഞ്ഞാല്‍ അങ്ങോട്ടും പറയുമെന്നും അതിന് പൊങ്കാല കൊണ്ട് മൂടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ എന്റെ സമസ്തയുടെ സര്‍ട്ടിഫിക്കറ്റ് ആരും വലിച്ചു കീറാന്‍ വരേണ്ട. എസ്.കെ.എസ്.എസ് .എഫിന്റെ രൂപീകരണ കാലം തൊട്ടേ കൂടെ നില്‍ക്കുകയും പലരും കൂടെ നില്‍ക്കാന്‍ മടിച്ചപ്പോഴും രണ്ട് കൈകൊണ്ടുമെഴുതി സത്യധാര നടത്തിക്കൊണ്ട് പോകുകയും ചെയ്ത കാലത്തൊന്നും ബഷീര്‍ ഫൈസി ആളായിട്ടില്ല. ലീഗിനെ ബഷീര്‍ ഫൈസി തോണ്ടാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇങ്ങോട്ട് തോണ്ടാമെങ്കില്‍ അങ്ങോട്ട് തോണ്ടുമ്പോ വല്ലാണ്ട് ചൊറിയണ്ട.’ നജീബ് കാന്തപുരം പറഞ്ഞു.

നന്മ മാത്രം മുന്നില്‍ കണ്ടാണ് താന്‍ വിമര്‍ശിച്ചതെന്ന് പറഞ്ഞായിരുന്നു നജീബ് കാന്തപുരത്തിന് ബഷീര്‍ ഫൈസി മറുപടി നല്‍കിയത്. താനൂരില്‍ നടന്നത് സുന്നികള്‍ക്കിടയിലെ പോരല്ലെന്നും രാഷ്ട്രീയ പോരായിരുന്നെന്നും ബഷീര്‍ ഫൈസി പറഞ്ഞു. ‘ സമസ്തയുടെ ആശയപരമായ നക്ഷത്രക്കുതിപ്പുകളെ പഴഞ്ചന്‍ മുദ്ര കുത്തി മാറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുക്കുക തന്നെ ചെയ്യും. നിങ്ങടെ കയിലുള്ള ‘വിരുദ്ധത’പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള എന്‍ഡോ സ്‌കോപ്പി മെഷീന്‍ തുറുമ്പിച്ചു പോകും. കാരണം ഖല്‍ബില്‍ ഒരിക്കലും തുരുമ്പിക്കാത്ത പാണക്കാട്ടെ സദാത്തീങ്ങളോടുള്ള പ്രണയം ഉണ്ട്. അതു നിങ്ങളെ കാണിച്ചു ISI സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല.’ എന്ന് പറഞ്ഞാണ് ബഷീര്‍ ഫൈസി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Sharing is caring!