ഓഖി ചുഴലിക്കാറ്റ് ഭീതിയില്‍ മലപ്പുറം ജില്ലയിലെ തീരദേശവും

ഓഖി ചുഴലിക്കാറ്റ്  ഭീതിയില്‍ മലപ്പുറം  ജില്ലയിലെ തീരദേശവും

മലപ്പുറം: ഓഖി ചുഴലിക്കാറ്റ് ഭീതിയില്‍ ജില്ലയിലെ തീരദേശം മത്സ്യ ബന്ധന യാനങ്ങള്‍ കരക്കെത്തി തുടങ്ങി. കേരള തീരത്തെ ഭീതിയിലാക്കി വീശിയടിക്കുന്ന ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മുതല്‍ കാപ്പിരിക്കാട് വരെയുള്ള കടലോര മേഖല ഭീതിയുടെ നിഴലില്‍. രാവിലെ മുതല്‍ കനത്ത കാറ്റാണ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുന്നത്. കൂടാതെ രാവിലെ മുതല്‍ തന്നെ മാനം കറുത്തതും ആശങ്കള്‍ക്കിടയാക്കി. 2004ലെ സുനാമി ആവര്‍ത്തിക്കുമെന്ന പ്രചരണം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതും ആശങ്കകള്‍ വര്‍ദ്ധിക്കാനിടയായി. ഇതിനിടെ തമിഴ്‌നാട്ടില്‍ സുനാമി മുന്നറിയിപ്പെന്ന പേരില്‍ പ്രചരിച്ച വീഡിയോയും തീരവാസികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു. ഉച്ചയോടെ വീഡീയ വ്യാജമാണെന്ന് മനസിലായത് ഏറെ ആശ്വാസമായി. എന്നാല്‍ കനത്ത മഴക്കുള്ള സാധ്യതയാണ് ഉള്ളതെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ അറിയിച്ചു. പൊന്നാനി ഫിഷറീസ് ഓഫീസ് കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ബോട്ടും ജീവനക്കാരെയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കടലിലിറങ്ങിയ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കടലിലിറങ്ങിയ മത്സ്യ ബന്ധന യാനങ്ങള്‍ ഉച്ചയോടെ കരക്കെത്തി. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടവര്‍ 949600703 ഈ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡി.ഡി. അറിയിച്ചു.

Sharing is caring!