ഗെയില്‍ അതിക്രമം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലപ്പുറത്തുകാരുടെ പൊങ്കാല

ഗെയില്‍ അതിക്രമം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലപ്പുറത്തുകാരുടെ പൊങ്കാല

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ മലപ്പുറം, കോഴിക്കോട് നിവാസികളുടെ പൊങ്കാല. ഗെയില്‍ സമരാനുകൂലികള്‍ക്കു നേരെ ലാത്തി ചാര്‍ജ് നടന്നതോടെയാണ് മുഖ്യമന്ത്രിയുടെ രണ്ട് ഫേസ്ബുക്ക് പേജുകളിലായി പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ പദ്ധതിയെ അനുകൂലിച്ചും, പദ്ധതിയെ എതിര്‍ക്കുന്നവരെ അവഹേളിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.

പിണറായി വിജയന്‍, ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ്, കേരള എന്നിങ്ങനെ രണ്ട് പേജുകളാണ് അദ്ദേഹത്തിനായുള്ളത്. പിണറായി വിജയനെന്ന പേജിലാണ് വിമര്‍ശനം കൂടുതലും. ഗെയില്‍ സമരം കണ്ടില്ലെന്ന് നടിച്ചാല്‍ അധികാരക്കസേര ഇനി കേരളത്തില്‍ പ്രതീക്ഷിക്കരുത്, സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലുക എന്നത് ബൂര്‍ഷ്വയുടെ ലക്ഷണമാണ്, അത് തന്നെയാണ് മലപ്പുറത്ത് നാം കണ്ടത്, ബഹുമാനപ്പെട്ടെ പിണറായി വിജയട്ടാ നിങ്ങളുടെ അറിവിലെക്ക് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സാധാരണ ജനങ്ങളുടെ ജീവനും സൗത്തിനും ഭീഷണിയാണ് സമരം ഇങ്ങനെ മുന്നോട്ട് പോയാല്‍ രക്തം വീഴും രക്ത ഷാക്ഷികള്‍ ഉണ്ടാവും ശഹീദ് ഉണ്ടാവും തീര്‍ച്ച തീര്‍ച്ചയാണ് വളരെ ബഹുമാനത്തോടെ പറയുകയാ മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ ഉചിതമായ തീരുമാനമെടുക്കും എന്ന പ്രതീക്ഷയില്‍ എല്ലാ ശരിയാട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇങ്ങനെ പോകുന്ന മുഖ്യമന്ത്രിയുടെ വിവിധ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍. അതിനിടെ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച വി എസ് അച്യുതാനന്ദനും തീവ്രവാദിയാകുമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഇതിനിടെ ഹാദിയ, വാക്‌സിനേഷന്‍ പദ്ധതികളെ എതിര്‍്ത്ത ശേഷം ഒരു വിഭാഗം നടത്തുന്ന അടുത്ത നാടകമാണ് ഗെയില്‍ വിരുദ്ധ സമരമെന്നും ഫേസ്ബുക്കില്‍ പദ്ധതി അനുകൂലികള്‍ പ്രചരണം നടത്തുന്നുണ്ട്.

അതിനിടെ പദ്ധതി അടുത്ത ജൂണില്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഗെയില്‍ അധികൃതര്‍. 2018. ഡിസംബറായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന സമയമെങ്കിലും പദ്ധതി നേരത്തെ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Sharing is caring!