എംഎസ്എഫിനെതിരായ മൂരി വിളിക്കെതിരെ വിടി ബല്‍റാം എംഎല്‍എ

എംഎസ്എഫിനെതിരായ മൂരി വിളിക്കെതിരെ വിടി ബല്‍റാം എംഎല്‍എ

മലപ്പുറം: ഹൈദരബാദ് യൂനിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികളായ എംഎസ്എഫിനെതിരെ മുദ്രാവാക്യം വിളിച്ച എസ്എഫ്‌ഐ ക്കെതിരെ വിടി ബല്‍റാം എംഎല്‍എ.

ആഹ്ലാദ പ്രകടനത്തിനിടയില്‍ സഖ്യ കക്ഷിയായ എംഎസ്എഫുകാരെ നോക്കി ‘ വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ് ‘ എന്ന് മുദ്രാവാക്യം വിളിക്കുമ്പോള്‍ സംഘ് പരിവാര്‍ മുദ്രാവാക്യത്തില്‍ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടല്‍ പ്രവണതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഒരു സര്‍വ്വകലാശാല ക്യാമ്പസിലെ ‘യുവ വിപ്ലവകാരികള്‍’ ഇങ്ങനെയൊക്കെയാണ് ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കില്‍ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാള്‍ താരതമ്യത്തില്‍ മാത്രം അല്‍പം ഭേദമാണെന്നേ ആശ്വസിക്കാന്‍ കഴിയൂ. എന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരെ കളിയാക്കിക്കൊണ്ടാണെങ്കിലും വിളിക്കുന്ന ചില പേരുകളുണ്ട്:
സംഘ് പരിവാര്‍ അനുകൂലികളെ സ്വാഭാവികമായും സംഘികള്‍ എന്ന് വിളിക്കും. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും അങ്ങനെത്തന്നെയാണ് വിളിക്കാറുള്ളത്.
കോണ്‍ഗ്രസ് അനുകൂലികളെ ആ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ കോങ്ങികള്‍ എന്നും കമ്മ്യൂണിസ്റ്റുകളെ കമ്മികള്‍/അന്തംകമ്മികള്‍ എന്നും എസ്ഡിപിഐ പോലുള്ള ഇസ്ലാമിസ്റ്റുകളെ സുഡാപ്പികള്‍ എന്നുമൊക്കെ വിളിക്കാറുണ്ട്. സഖാപ്പി, സംഘാവ് തുടങ്ങിയ മിക്‌സഡ് വകഭേദങ്ങളുമുണ്ട്. ഓരോ മീഡിയക്കും അതിന്റേതായ ഒരു ഭാഷയും ശൈലിയുമൊക്കെ ഉള്ളതുകൊണ്ട് പരിഹാസപൂര്‍വ്വമാണെങ്കിലും സോഷ്യല്‍ മീഡിയയിലെ ആ വിളികള്‍ക്കൊക്കെ ഒരു സ്വാഭാവികതയുണ്ട്.

എന്നാല്‍ ഇതേ സോഷ്യല്‍ മീഡിയയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പരിഹസിക്കാറുള്ളത് ‘മൂരികള്‍’ എന്ന് വിളിച്ചാണ്. സംഘികളും കമ്മികളും ഒരുപോലെ മത്സരിച്ച് ഈ അഭിസംബോധന നടത്താറുണ്ട്. എന്നാല്‍ ഇത് അങ്ങേയറ്റം അധിക്ഷേപപരവും വംശീയ ദുസ്സൂചനകളുള്ളതുമാണ് എന്ന് കാണാവുന്നതാണ്. മൂരികള്‍ അഥവാ കാളകള്‍ എന്നത് മുസ്ലിം സ്വത്വവുമായി ചേര്‍ത്തുവെക്കുന്നത് ബീഫ് തീറ്റ അടക്കമുള്ള ഭക്ഷണശീലങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാഗ്രഹിക്കുന്ന സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്. മുസ്ലിം ലീഗ് പ്രതിനിധാനം ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഈ മുസ്ലിം സ്വത്വത്തെത്തന്നെ കടന്നാക്രമിക്കാനാണ് സംഘികളോടൊപ്പം സൈബര്‍ സഖാക്കളും മൂരി വിളികള്‍ തുടരുന്നത്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിജയാഹ്ലാദ പ്രകടനത്തില്‍ സഖ്യകക്ഷിയായ എംഎസ്എഫുകാരെ നോക്കി മലയാളികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ‘വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ് വിളിക്ക് ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുമ്പോള്‍ അത് സംഘ് പരിവാര്‍ മുദ്രാവാക്യത്തില്‍ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടല്‍ പ്രവണതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഒരു സര്‍വ്വകലാശാല ക്യാമ്പസിലെ ‘യുവ വിപ്ലവകാരികള്‍’ ഇങ്ങനെയൊക്കെയാണ് ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കില്‍ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാള്‍ താരതമ്യത്തില്‍ മാത്രം അല്‍പം ഭേദമാണെന്നേ ആശ്വസിക്കാന്‍ കഴിയൂ.

Sharing is caring!