സമൂഹത്തിന്റെ വേദന സ്വന്തം ജീവിതത്തിലൂടെ തൊട്ടറിഞ്ഞ് യുവകഥാകൃത്ത് ജാബിര്‍

സമൂഹത്തിന്റെ വേദന സ്വന്തം ജീവിതത്തിലൂടെ തൊട്ടറിഞ്ഞ് യുവകഥാകൃത്ത് ജാബിര്‍

പൊന്നാനി: സമൂഹത്തിന്റെ വേദന സ്വന്തം ജീവിതത്തിലൂടെ തൊട്ടറിഞ്ഞാണ് ജാബിര്‍ അമ്പലത്ത് എന്ന യുവകഥാകൃത്ത് സാഹിത്യലോകത്തിലേക്ക് കടന്നു വരുന്നത്. 2017 ജനുവരി 21 തന്റെ ജീവിതത്തില്‍ സംഭവിച്ച അപകടം ഈ കഥാസമാഹാരം പൂര്‍ത്തികരിക്കാന്‍ കാരണമായെങ്കിലും വേദനയോടെ മാത്രമേ ആ നിമിഷങ്ങളെ ഓര്‍ത്തെടുക്കാനാകൂ. ചങ്ങരംകുളത്ത് പന്താവൂരില്‍ ജാബിര്‍ സഞ്ചിരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കുട്ടിയിടിച്ചാണ് അപകടത്തില്‍പ്പെടുന്നത്.

തലക്കും വലതുകാലിനും പരുക്കേറ്റ് കഴിയുന്ന ഇദ്ദേഹം ചികിത്സക്കിടയിലാണ് എട്ടിലേറെ ചെറുകഥകള്‍ എഴുതീര്‍ത്തത്. കാലിന്റെ എല്ല് പൊട്ടി സ്റ്റീല്‍ കമ്പി ഇട്ടിരിക്കുകയാണ്. ഒരു വര്‍ഷത്തെ വിശ്രമത്തിനിടയിലാണ് പണ്ടെന്നോ മറന്നുവെച്ച എഴുത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപകടത്തിന്റെ വേദനയില്‍ സമയം തള്ളിനീക്കുന്ന ജാബിയെ കഥകളുടെ ലോകത്തിലേക്ക് വീണ്ടും നയിച്ചത് ചെറുകഥാകൃത്തും നാടകകൃത്തുമായ പിതാവ് എ.പി ഇബ്രാഹിമാണ്.

ഇബ്രാഹിം-റംല ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജാബിര്‍. കുന്നംകുളം പുതുശ്ശേരി സ്വദേശികളായ ഈ കുടുബം ഇപ്പോള്‍ ആനക്കര പഞ്ചായത്തിലെ കുമ്പിടി നാല് സെന്റ് കോളനിക്ക് സമീപം വീട്‌വെച്ച് താമസമാക്കിയിരിക്കുകയാണ്. സ്‌കൂള്‍ കോളജ് പഠനകാലത്ത് കവിത രചന, കവിത ചൊല്ലല്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ജാബിര്‍ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ചെന്നെയില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ ലീവില്‍ നാട്ടില്‍ വന്നപ്പോഴാണ് അപകടത്തില്‍പ്പെടുന്നത്. പിതമൂന്നോളം ചെറുകഥകള്‍ അടങ്ങിയ പ്രഥമ കഥാ സമാഹാരമായി നീലകണ്ണുകള്‍ പ്രകാശനത്തിന് തയ്യാറായിരിക്കുകയാണ്. ഇതിന് പുറമെ ചെറുകഥകള്‍, കവിതകള്‍, വിവിധ ലേഖനങ്ങള്‍, ഷോര്‍ട്ട് ഫിലീം, ടെലിഫിലീം തിരക്കഥ എന്നിവയും എഴുതിയ ജാബിറിന്റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പിതാവ് ഇബ്രാഹിം തന്നെയാണ്.

മകന്റെ പുസ്തകത്തിന് നിറഞ്ഞ സന്തോഷത്തോടെയാണ് പിതാവ് അവതാരിക എഴുതിയിട്ടുള്ളത്. മകനെ എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നതും പിതാവ് തന്നെയാണ് അതിനാല്‍ ഇതിന്റെ അവതാരിക എഴുതാന്‍ ഏറ്റവും ഉചിതം പിതാവ് തന്നെയാണന്നാണ് ജാബിര്‍ പറയുന്നത്. മകന്റെ പിതാവിന്റെയും എഴുത്തിന് റംലയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. ജാബിറിനെ കൂടാതെ ജബി എന്ന മകന്‍ കൂടിയുണ്ടീ ദമ്പതികള്‍ക്ക്. ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുകയാണ്.

താത്ക്കാലികമായി ജാബി ചെറുകഥാ സമാഹാരം പുസ്തക രൂപത്തിലാക്കിയിട്ടുണ്ടെങ്കിലും ഏതെങ്കിലും നല്ല പ്രസാധകരെ ലഭിക്കുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ എത്തിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നത്. കൂടാതെ ഈ പുസ്തതകത്തിന്റെ വരുമാനത്തില്‍ നിന്ന് ഒരു ഭാഗം അപകടത്തില്‍പെട്ട് കഴിയുന്ന സാധുക്കളായവരെ സഹായിക്കുന്നതിന്നും മാറ്റിവെക്കാനുമുള്ള ആഗ്രഹത്തിലാണ് ജാബിര്‍.

 

Sharing is caring!