മലപ്പുറത്തെ പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറത്തെ പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം: മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ഭാര്യയുടെ പരാതി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ മലപ്പുറം സ്‌റ്റേഷനിലെ പോലീസുകാരാണ് പ്രതിസ്ഥാനത്ത്. തന്റെ ഭര്‍ത്താവിനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുനെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഓണം-പെരുന്നാള്‍ അവധിക്ക് കുടുംബമായി കോട്ടക്കുന്നില്‍ പോയി തിരിച്ചു വന്നപ്പോഴാണ് ബൈക്ക് കാണാതെ പോയതെന്ന് ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്ന് പോലീസിനോട് പരാതിപ്പെടുകയായിരുന്നു. പോലീസില്‍ നിന്ന് ലഭിച്ച അറിയിപ്പ് അനുസരിച്ച് സ്റ്റേഷനില്‍ ചെന്നു നോക്കിയപ്പോള്‍ ബൈക്ക് അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വണ്ടിയുടെ നമ്പറും, നിറവും, ബ്രാന്‍ഡും മറ്റും ചോദിച്ച് മനസിലാക്കിയ ശേഷം പോലീസുകാര്‍ പറഞ്ഞു ആ ബൈക്കുപയോഗിച്ച് ആരോ മാല മോഷണം നടത്തിയിട്ടുണ്ടെന്ന്.

പോലീസ് അറിയിച്ചതനുസരിച്ച് പിറ്റേ ദിവസം രാവിലെ വീണ്ടുമെത്തിയപ്പോള്‍ ബൈക്ക് ലഭിച്ച സ്ഥലത്തേക്ക് തന്റെ ഭര്‍ത്താവിനെ പോലീസ് കൊണ്ടുപോയെന്ന് പരാതിക്കാരി പറയുന്നു. ഇപ്രകാരം രണ്ടുവട്ടം തന്റെ ഭര്‍ത്താവിനെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിടത്ത് കൊണ്ടുപോയെന്ന് ഇവര്‍ പരാതിപ്പെടുന്നു. മാല മോഷ്ടിക്കപ്പെട്ട സ്ത്രീ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാത്തതിനാല്‍ പ്രതിയെ ഉറപ്പിക്കാനും കഴിഞ്ഞില്ല.

പോലീസുകാര്‍ തുടര്‍ന്ന് തന്റെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഞാന്‍ കുറ്റമേറ്റെടുക്കാന്‍ പോവുകയാണ്, അങ്ങനെയെങ്കിലും മര്‍ദനം അവസാനിപ്പിക്കുമല്ലോ എന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. തെളിവെടുപ്പിന്റെ പേരിലും മര്‍ദനം തുടര്‍ന്നെന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Sharing is caring!