‘ഉന്നതി’യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മന്ത്രി ഡോ കെ ടി ജലീല്‍

‘ഉന്നതി’യുടെ  പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മന്ത്രി ഡോ കെ ടി ജലീല്‍

തിരൂര്‍: സാമ്പത്തിക ഉന്നമനത്തിലൂടെയെ സ്ത്രീകള്‍ക്ക് ശാശ്വത പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളുവെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി ഡോ കെ ടി ജലീല്‍. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് നടപ്പാക്കുന്ന ‘ഉന്നതി’ പദ്ധതിയുടെ മംഗല മേഖല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഉന്നതി പോലുള്ള പദ്ധതികള്‍ സ്ത്രീകളുടെ സാമ്പത്തിക പുരോഗതിക്കും, സാമൂഹിക പുരോഗതിക്കും വഴി തെളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നോബല്‍ ജേതാവായ മുഹമ്മദ് യൂനസ് ബംഗ്ലാദേശില്‍ തുടക്കം കുറിച്ച സാമ്പത്തിക-സാമൂഹിക കുതിച്ചു ചാട്ടത്തിനു പിന്നിലും ഇത്തരം സംരഭമായിരുന്നെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തിന്റെ തീരദേശത്ത് സമാധാനം നിലനില്‍ക്കുവാന്‍ സാമ്പത്തികമായ അരക്ഷിതാവസ്ഥ അവസാനിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. ഉന്നതി പദ്ധതി തീരദേശത്ത് പുരോഗതി കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതി പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയ പ്രൊമോട്ടര്‍മാരായ ഫ്‌ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി എ ഹസ്സന്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി പി മുഹമ്മദാലി, ബിന്‍സുഹൈല്‍ കോണ്‍ട്രാക്റ്റിങ് ദുബായ് മാനേജിങ് ഡയറക്ടര്‍ കുഞ്ഞിമൂസ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

ഉന്നതി പദ്ധതിക്ക് കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെംബര്‍ അനിത കിഷോര്‍ നിര്‍വഹിച്ചു. നബാര്‍ ഡെപ്യൂട്ടി ഡിവിഷണല്‍ മാനേജര്‍ ജെയിംസ് പി ജോര്‍ജ് ക്ലസ്റ്റര്‍ ഉദ്ഘാടനം നടത്തി. മംഗലം, വെട്ടം, പുറത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ചടങ്ങിനിടെ നടന്നു പദ്ധതിക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി നസറുള്ള, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി പി അബ്ദുല്‍ ഷുക്കൂര്‍, മംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സലീം, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ഡയറക്ടര്‍ വി ഉമ്മര്‍ കോയ, പ്രോജക്റ്റ് കോഡിനേറ്റര്‍മാരായ മുഹമ്മദ് ഷാനിത്ത്, പിടി സാജിദ, അബ്ദുല്‍ കബീര്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!