പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പുകഴ്ത്തി ഔട്ട്‌ലുക്ക് മാഗസിന്‍

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പുകഴ്ത്തി ഔട്ട്‌ലുക്ക് മാഗസിന്‍

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറത്തിന്റെ മതസൗഹാര്‍ദത്തിന് നല്‍കിയ സംഭാവനകളെ പുകഴ്ത്തി ഔട്ട്‌ലുക്ക് മാഗസിന്‍. ജില്ലയിലെ മതസൗഹാര്‍ദത്തിന് ഇടിവ് തട്ടാവുന്ന സംഭവങ്ങളിലൊന്നില്‍ തങ്ങളെടുത്ത നയപരമായ തീരുമാനം ഉദാഹരണമായെടുത്ത് മലപ്പുറത്തിനെതിരെ ഉയരുന്ന വര്‍ഗീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ലേഖനം. ഒപ്പം മലപ്പുറത്തിനെതിരെ വര്‍ഗീയ വിഷം ചീറ്റുന്ന സുബ്രമണ്യം സ്വാമി അടക്കമുള്ളവര്‍ക്കുള്ള മറുപടി കൂടി ലേഖനം നല്‍കുന്നുണ്ട്.

1990കളിലൊന്നില്‍ മലപ്പുറത്തുണ്ടായ ഒരു സംഭവം വിവരിച്ചാണ് ലേഖനം തുടങ്ങുന്നത്. ഒരു ഹിന്ദു കുടുംബത്തിന്റെ പറമ്പില്‍ നിന്ന് മുസ്ലിം പള്ളിയുടെ മേല്‍ക്കൂരയിലേക്ക് ചാഞ്ഞു നിന്നിരുന്ന തെങ്ങാണ് ഈ സംഭവത്തിലെ വില്ലന്‍. തെങ്ങില്‍ നിന്നും തേങ്ങ പള്ളിയുടെ മേല്‍ക്കൂരയിലേക്ക് വീണ് കേടുപാട് സംഭവിക്കുന്നത് പലപ്പോഴായി പരാതി ഉയര്‍ത്തിയിരുന്നു. സംഭവം ഒരു ഘട്ടത്തില്‍ വര്‍ഗീയ ലഹളയിലേക്ക് വരെ എത്തുമെന്ന് ഭയപ്പെട്ടു. ഒടുവില്‍ ഈ വിഷയം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചെവിയിലുമെത്തി.

രണ്ട് വിഭാഗങ്ങളുടേയും പരാതിയും, പരഭിവവും ക്ഷമാപൂര്‍വം കേട്ടിരുന്ന തങ്ങ്ള്‍ അവസാനം കുറച്ച് പണമെടുത്ത് പള്ളി കമ്മിറ്റി പ്രസിഡന്റിന് നല്‍കി. എന്നിട്ട് അദ്ദേഹം ഇതുകൂടി പറഞ്ഞു, പള്ളി പൊളിക്കണം, ഓടിട്ട മേല്‍ക്കൂരയുള്ള പള്ളിക്കു പകരം കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള പള്ളി പണിയണം. രണ്ട് കൂട്ടരും ആശ്വാസത്തോടെ അവരുടെ നാട്ടിലേക്ക് മടങ്ങി.

തങ്ങളുടെ തീരുമാനം ഹിന്ദു കുടുംബത്തിലെ മക്കള്‍ അവരുടെ അമ്മയെ അറിയിച്ചു. എന്നാല്‍ അതുകേട്ട അവര്‍ മക്കളെ ശാസിക്കുകയും ആ രാത്രി തന്നെ അവരുടെ കാറില്‍ തങ്ങളുടെ വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. തന്റെ മകന്‍ ചെയ്ത് അവിവേകത്തിന് മാപ്പിരന്ന അവര്‍ തെങ്ങ് വെട്ടിക്കോളാമെന്ന് തങ്ങള്‍ക്ക് വാക്കു നല്‍കുകയും ചെയ്തു. പക്ഷേ പാണക്കാട് തങ്ങളത് സ്‌നേഹപൂര്‍വം നിരസിച്ചു. തെങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ തങ്ങള്‍ അത് എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി പറഞ്ഞാണ് അവരെ മടക്കി അയച്ചത്.

മലപ്പുറത്തിനെ വര്‍ഗീയ ഭൂമി ആക്കാനുള്ള ആര്‍ എസ് എസ് ശ്രമങ്ങള്‍ക്കുള്ള മറുപടി ആയാണ് ഈ സംഭവങ്ങള്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഒപ്പം എന്തുകൊണ്ട് മലപ്പുറം മതസൗഹാര്‍ദത്തിന് ലോകത്തിന് തന്നെ മാതൃകയാകുന്നുവെന്നു ലേഖനം പറയുന്നു.

മലപ്പുറം താനാളൂര്‍ സ്വദേശിയായ മാധ്യമ നിരീക്ഷകനാണ് ഷാജഹാന്‍ മാടമ്പാട്ട്.

Sharing is caring!