മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയി 25ലക്ഷംരൂപ ആവശ്യപ്പെട്ടത് പണമിടപാടില്‍ ഇടനിലക്കാരനായതിനാല്‍
മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭാര്യയോട് 25ലക്ഷംരൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെമൂന്നുപേരെ കൂടി പിടികൂടാനുണ്ടെന്ന് മലപ്പുറം പോലീസ്്. അതോടൊപ്പം ഒരുവാഹനത്തെ കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും മലപ്പുറം ഡിവൈ.എസ്.പി: ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്നലെ അഞ്ചുപേരെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു.ചക്കിങ്ങത്തൊടി അബ്ദുല്‍ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പന്‍ അബ്ദുല്‍ സമദ് (30), ഓലപുലാന്‍ സക്കീര്‍ (28), കോപിലാക്കല്‍ സെയ്തലവി (43) എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര ചേറൂര് കരിമ്പില്‍ വീട്ടില്‍ അബ്ദുല്‍ മുനീര്‍ (26)നെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും കാര്‍ തട്ടിയെടുക്കുകയും 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തെന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേ സമയം മുനീറിനെ തട്ടിക്കൊണ്ടുപോകാന്‍ കാരണം വിദേശത്തെ നടന്ന ഒരു പണമിടപാടില്‍ മുനീര്‍ ഇടനിലക്കാരനായതിനാലാണെന്നും തങ്ങള്‍ ലഭിക്കേണ്ട പണം ഇതുവരെ ലഭിക്കാത്തതിനാലാണു മുനീറിനെ തട്ടിക്കൊണ്ടുപോയതെന്നും ക്വട്ടേഷന്‍ സംഘം പോലീസിനു മൊഴി നല്കി.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടു മൂന്നോടെയാണ് വേങ്ങര അങ്ങാടിയില്‍ നിന്നും മുനീറിനെ തട്ടിക്കൊണ്ടുപോയത്. മുനീറിന്റെ കൈവശമുണ്ടായിരുന്ന കാറും മൊബൈലും തട്ടിയെടുത്ത സംഘം ചട്ടിപ്പറമ്പിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ തടവില്‍ വെക്കുകയും മാരകമായി ഉപദ്രവിക്കുകയും മുനീറിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. വേങ്ങര പോലീസിനാണ് യുവാവിനെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. മലപ്പുറം ജില്ലാപോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം സി.ഐ: എ പ്രേംജിത്ത്, വേങ്ങര എസ്.ഐ അബ്ദുല്‍ ഹക്കീം എന്നിവര്‍ നടത്തിയ നാടകീയ നീക്കത്തലൂടെയാണു പ്രതികളെ പിടികൂടിയത്.
പ്രതികളെ വലയിലാക്കാന്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ ആവശ്യപ്പെട്ട മോചന ദ്രവ്യം നല്‍കാമെന്നു സമ്മതിക്കുകയും ഇതിനായി കാവുങ്ങല്‍ ബൈപ്പാസില്‍ എത്താമെന്നു ഉറപ്പുനല്‍കുകയും ചെയ്തു. മഫ്തിയില്‍ പോലീസുദ്യോഗസ്ഥര്‍ മുനീറിന്റെ ഭാര്യയെ അനുഗമിക്കുകയും ഇവരുടെ സമീപം പ്രതികള്‍ എത്തിയതോടെ പിടികൂടുകയുമായിരുന്നു. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള പ്രതികളെ മലപ്പുറം കുന്നുമ്മല്‍, ചട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത്. പ്രതികളുപയോഗിച്ച ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ പരാതിക്കാരന് മുനീറിന്റെ കാറുമായാണ് മറ്റു പ്രതികള്‍ കടന്നത്. ഈ വാഹനം ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി ഫൈസല്‍, വേങ്ങര സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ നിസാമുദ്ധീന്‍ തുടങ്ങിയവരെ ഇനിയും പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. കൂട്ടുപ്രതികളെ പിടികൂടിയതറിഞ്ഞ് മുനീറിനെ വ്യാഴാഴ്ച പുലര്‍ച്ചെ മര്‍ദ്ദിച്ച് അവശനാക്കി മലപ്പുറം കോട്ടപ്പടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുനീര്‍ പരുക്കുകളോടെ കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്നലെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളും പരാതിക്കാരനും വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. മലപ്പുറം ജൂനിയര്‍ എസ്.ഐ ബിജു, സ്പെഷ്യല്‍ സ്വക്വാഡ് അംഗം എ.എസ്.ഐ സാബുലാല്‍. എ.എസ്.ഐ ലത്തീഫ്, എസ്.സി.പി.ഒ രജീന്ദ്രന്‍, സി.പി.ഒ മാരായ അനീഷ് എന്നിവരും ഉണ്ടായിരുന്നു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]