മലയാള ചലച്ചിത്ര നിരൂപകര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാള ചലച്ചിത്ര നിരൂപകര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

തിരൂര്‍: മലയാളത്തിലെ ചലച്ചിത്ര നിരൂപകരില്‍ ഭൂരിഭാഗവും കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വെറും അഭിപ്രായപ്രകടനങ്ങളാണ് നിരൂപണം എന്ന പേരില്‍ പ്രചരിക്കുന്നത്. കലയ്ക്കായി സ്വയം സമര്‍പ്പിച്ച് ആസ്വാദനത്തിലൂടെയും അനുശീലനത്തിലൂടെയും അറിവ് നേടിയവരാണ് ഉത്തമരായ നിരൂപകരെന്നും മലയാളസര്‍വകലാശാലയില്‍ ‘അടൂരിനൊപ്പം’ എന്ന പരിപാടിയില്‍ ‘ചലച്ചിത്രപഠനം: സമീപനങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിച്ചു കൊണ്ട് അദ്ദേഹം വ്യക്തിമാക്കി.
എല്ലാ കലകളെക്കുറിച്ചും പ്രാവിണ്യം നേടിയ ഉത്തമ സഹൃദയരായിരിക്കണം നിരൂപകര്‍. അവര്‍ കലകളുടെ കേദാരമായിരിക്കണം. കലാസ്വാദനം സുകൃതമുള്ള സംഗതിയാണ്. കലകളിലൊന്നും താല്‍പര്യമില്ലാത്ത അരസികരായ നിരൂപകരാണ് നല്ലൊരുശതമാനവും എന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
നല്ല സിനിമയ്‌ക്കൊപ്പം നല്ല ആസ്വാദകവൃന്ദത്തെക്കൂടി വളര്‍ത്തുന്നതിന് ശ്രമമുണ്ടാവണം. നേരിട്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളെ, അനുഭവങ്ങളെയാണ് കലാസൃഷ്ടികളാക്കി മാറ്റുന്നത്. സ്വന്തം ഭാവനയില്‍ തോന്നുന്നതാണ് കലാകാരന്‍ ആവിഷ്‌കരിക്കുക. കലാകാരന്‍ ഇങ്ങനെ ചെയ്യണമെന്ന് പറയാന്‍ അദ്ദേഹം കൂലിയ്ക്ക് എഴുതുന്ന ആളല്ല. ജീവിതം കണ്ട രീതി, പഠിച്ചറിഞ്ഞ കാര്യങ്ങള്‍, പ്രചോദനമായ സംഭവങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കലാകാരനെ സ്വാധീനിക്കുമെന്നും സൗന്ദര്യശാസ്ത്രത്തിന്റെ ചരിത്രവും വികാസപരിണാമങ്ങളും സാങ്കേതികവിദ്യയിലെ മാറ്റങ്ങളുമെല്ലാം കണ്ടറിയാന്‍ കലാകാരന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ പ്രൊഫ. മധു ഇറവങ്കര സ്വാഗതവും അസി. പ്രൊഫസര്‍. ആര്‍. വിദ്യ നന്ദിയും പറഞ്ഞു. സര്‍വകലാശാലയുടെ ഉപഹാരം അടൂരിന് സമ്മാനിച്ചു.

Sharing is caring!